പേർസണൽ ബ്രാൻഡിംഗ് എന്ന് പറഞ്ഞാൽ എന്താണ്, അതൊരു മോശം കാര്യമാണോ അതോ നല്ലതാണോ, എങ്ങനെയാണ് അത് ചെയ്യുക, അതുകൊണ്ടുള്ള ഉപയോഗം എന്തൊക്കെയാണ് എന്നാണ് ഈ ബ്ലോഗിൽ പറയാൻ ഉദ്ദേശിക്കുന്നത്.
പേർസണൽ ബ്രാൻഡ് എന്താണ് എന്ന് പറയുന്നതിന് മുന്നേ ചെറുതായിട്ട് ബ്രാൻഡ് എന്താണെന്ന് പറഞ്ഞു തുടങ്ങാം.
പണ്ട് ഞങ്ങളുടെ ഇടവക പള്ളിയിൽ ഒരു കൂട്ടം ആളുകൾ ഒരു ദൗത്യവുമായി വന്നിരുന്നു. ഇടുക്കി കട്ടപ്പന അടുത്ത് നിന്നാണ് അവരുടെ വരവ്. അവർക്ക് അവിടെ ഒരു പഴയ പള്ളി ഉണ്ടായിരുന്നത് പൊളിച്ചു പുതിയത് പണിയാൻ ഉള്ള ശ്രമത്തിലാണ്. അതിന് വേണ്ടി പണം സ്വരൂപിക്കാൻ വേണ്ടിയാണ് ആ പള്ളിയിലെ ഇടവക ജനങ്ങൾ എല്ലാം ഇങ്ങനെ പല വഴിക്ക് പോകുന്നത്.
എന്നാൽ വെറുതെ വന്നിട്ട് സംഭാവന ചോദിക്കുക അല്ല അവർ ചെയ്യുന്നത്, മറിച്ചു അവർ അവരുടെ നാട്ടിൽ കൃഷി ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ ഉണക്കി പൊടിച്ചു പാക്കറ്റ് രൂപത്തിലാക്കി വില്പനയ്ക്ക് വേണ്ടി കൊണ്ടുവന്നിരിക്കുകയാണ്. അതിന്റെ ലാഭം പള്ളി പണിയുന്ന ഫണ്ടിലേക്കാണ് പോകുന്നത്.
എന്തായാലും വീട്ടിലേക്ക് ആവശ്യമുള്ള വസ്തു ആയതിനാൽ ഞങ്ങളും ഏതൊക്കയോ പാക്കറ്റ് വാങ്ങിയിരുന്നു. എന്നാൽ അതൊക്കെ ഉപയോഗിച്ച് നോക്കിയപ്പോ നല്ല ക്വാളിറ്റി ഉള്ള പൊടികൾ ആയിരുന്നെന്നു ഞങ്ങൾക്ക് മനസിലായി, കടകളിൽ ലഭിക്കുന്നതിനേക്കാൾ വളരെ മികച്ചത് ആയിരുന്നു അതെല്ലാം.
പക്ഷേ രണ്ടാമത് ഒരിക്കൽ കൂടി അവയൊന്നും വാങ്ങിക്കാൻ പറ്റിയില്ല, ഇനി അഥവാ നമ്മൾ അവരെ അന്വേഷിച്ചു അവരുടെ സ്ഥലത്ത് ചെന്നാലും ഇതേ ഐറ്റംസ് തന്നെ കിട്ടണം എന്ന് യാതൊരു നിർബന്ധവും ഇല്ല, അത് അന്ന് കൊണ്ടുവന്ന ആളുകളുടെ പേര് അറിയാമെങ്കിൽ അവരെ തന്നെ പോയി കണ്ട് അവർ നൽകുന്നത് നമ്മൾ വാങ്ങിക്കേണ്ടി വരും.
ഇതിന് പകരം അവർ നൽകിയ ഐറ്റംസ് ഒരു പേരിൽ ആയിരുന്നെങ്കിൽ നമ്മൾക്ക് ആ പേര് അന്വേഷിച്ചു പോകാൻ കഴിയുമായിരുന്നു. എന്നിരുന്നാലും ആ പേര് ഒരു trademark അല്ലെങ്കിൽ അതുകൊണ്ടും കാര്യമില്ല, അതേ പേരിൽ ആർക്ക് വേണമെങ്കിലും ഇങ്ങനെ പ്രോഡക്റ്റ് ഇറക്കാൻ പറ്റും.
ഇവിടെ രണ്ട് കാര്യങ്ങൾ ശ്രദ്ധയിൽ വയ്ക്കണേ, ഒന്ന് ഉൽപ്പന്നതിന്റെ പേര്, രണ്ട് അത് ആരാണ് നമ്മൾക്ക് നൽകിയത് എന്നും.
ഇനി മറ്റൊരു ഉദാഹരണത്തിലേക്ക് വരാം, ആപ്പിൾ കമ്പനി ഒരു കാർ പുറത്തിറക്കി എന്നൊരു വാർത്ത കേട്ടാൽ ആരും ഏത് ആപ്പിൾ കമ്പനിയെന്ന് ചോദിക്കില്ല, കാരണം ലോകത്ത് ഒരേഒരു ആപ്പിൾ കമ്പനി മാത്രമേ ഉള്ളു.
അവരെ തിരിച്ചറിയാൻ ആപ്പിൾ എന്ന പേരുണ്ട്, അതുപോലെ അവരുടെ ലോഗോ നമ്മൾക്ക് എല്ലാം അറിയാം, എന്നാൽ ഈ ലോഗോയും പേരും കണ്ടിട്ടാണോ ആപ്പിൾ എന്ത് ഇറക്കിയാലും വാങ്ങിക്കാൻ ആളുകൾ ക്യു നിൽക്കുന്നത്?
ഒരിക്കലും അല്ല, ആപ്പിൾ ആദ്യമായ് പുറത്തിറക്കിയ കമ്പ്യൂട്ടർ മുതൽ അവരുടെ പ്രത്യേകത എന്നത് പുതിയ കണ്ടുപിടിത്തങ്ങൾ എന്നതും ഉയർന്ന ക്വാളിറ്റിയും ആയിരുന്നു. 2007 ൽ ആദ്യമായ് ടച്ച് സ്ക്രീൻ ഉള്ള ഫോൺ അവതരിപ്പിച്ചതും എല്ലാം ആപ്പിൾ ആണ്.
പിന്നീട് അതൊരു ആഡംബര ബ്രാൻഡ് എന്ന രീതിയിലേക്ക് മാറുകയാണ് ഉണ്ടായത്, എന്നിരുന്നാലും അവരുടെ ക്വാളിറ്റി കണ്ടിട്ടാണ് ആളുകൾ അവരുടെ പ്രോഡക്റ്റ് വാങ്ങിക്കുന്നത്.
ലോകത്തിന്റെ ഏത് ഭാഗത്തു ചെന്നാലും അവരുടെ ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് തിരിച്ചറിയാൻ ആ പേരും ലോഗോയും സഹായിക്കുന്നു.
ചുരുക്കി പറഞ്ഞാൽ ബ്രാൻഡ് എന്നാൽ നല്ല ലോഗോയും കേൾക്കാൻ ഇമ്പം ഉള്ള പേരുമല്ല, ആ കമ്പനി നൽകുന്ന മിനിമം ക്വാളിറ്റിയുടെ അടയാളമാണ്. അതിനൊപ്പം അവരുടേതായ മറ്റു സവിശേഷതകളും അടങ്ങുന്നു, പുതിയ കണ്ടുപിടിത്തങ്ങളിൽ സ്റ്റീവ് ജോബ്സിന്റെ മരണശേഷം ആപ്പിൾ പിന്നോട്ട് പോയെങ്കിലും ഒരു കാലത്ത് ആപ്പിൾ എന്നാൽ ക്വാളിറ്റി + ഏറ്റവും പുതിയ ടെക്നോളജി + നമ്മൾ ചിന്തിച്ചിട്ടില്ലാത്ത സൗകര്യങ്ങൾ + ആഡംബര ബ്രാൻഡ് എന്നതായിരുന്നു.
നമ്മൾ കേട്ടിട്ടുള്ള ഓരോ ബ്രാൻഡിന്റെ പിന്നിലും ഇങ്ങനെ ഓരോ കാര്യങ്ങളുണ്ട്. അവർ ഇനി എന്ത് പുറത്തിറക്കിയാലും ആ ക്വാളിറ്റി + എന്തൊക്കെയാണോ അവരുടെ പ്രത്യേകത അതെല്ലാം നമ്മൾക്ക് പ്രതീക്ഷിക്കാം.
ഇനി പേർസണൽ ബ്രാൻഡിലേക്ക് വന്നാൽ, മുകളിൽ പറഞ്ഞ സുഗന്ധവ്യഞ്ജനങ്ങൾ പൊടിച്ചു തന്ന ആളുകളുടെ കാര്യം എടുക്കുക.
ഒരു ദിവസം നിങ്ങളുടെ വീട്ടിലേക്ക് കുറച്ചു ആളുകൾ ഇങ്ങനെ കുറച്ചു പൊടികൾ പാക്കറ്റ് ആക്കി കൊണ്ടുവന്നാൽ, അതിന് പേര് പോലും ഇല്ലെങ്കിൽ നിങ്ങളിൽ എത്ര പേര് അത് വാങ്ങി ഉപയോഗിച്ച് നോക്കാൻ തയ്യാറാകും, പണം കൊടുത്ത് വാങ്ങുന്നത് പോട്ടെ, വെറുതെ കിട്ടിയാൽ പോലും വാങ്ങാൻ മടിക്കുന്ന ആളുകൾ അല്ലേ ഭൂരിപക്ഷവും.
എന്നാൽ ഇത് ഇങ്ങനെ ഒരു ഉദ്യമത്തിന് വേണ്ടിയാണ് എന്ന പേരിൽ പള്ളിയിൽ വന്നപ്പോ അവർക്ക് ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നു, നമ്മൾ വിശ്വസിക്കുന്ന പള്ളിയിൽ അതേപോലെ മറ്റൊരു പള്ളിയിൽ നിന്ന് വന്ന ആളുകൾ എന്ന രീതിയിൽ ആണല്ലോ ഇത് എല്ലാവരും വാങ്ങി ഉപയോഗിക്കാൻ തയ്യാറായത്.
അതായത് അവർ നൽകുന്ന സാധനത്തിനു ഒരു മിനിമം ക്വാളിറ്റി ഉണ്ടാവും എന്നൊരു പ്രതീക്ഷ നൽകാൻ ഈ ഐഡന്റിറ്റി ഉപകരിച്ചു.
ഇത് തന്നെയാണ് പേർസണൽ ബ്രാൻഡ് എന്ന് പറയുന്നത്, അതായത് ഒരു വ്യക്തി നൽകുന്ന എന്തിനും ഒരു മിനിമം ക്വാളിറ്റി ഉണ്ടായിരിക്കുകയും അയാളെ എവിടെ കണ്ടാലും നമ്മൾക്ക് തിരിച്ചറിയാൻ കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ അയാൾ ഒരു പേർസണൽ ബ്രാൻഡ് ആണെന്ന് പറയാം.
അയാളെ തിരിച്ചറിയാൻ അയാളുടെ പേര് രൂപം തുടങ്ങിയ കാര്യങ്ങൾ മതിയാകുമല്ലോ.
ഇനി ഞാൻ എങ്ങനെയാണ് പേർസണൽ ബ്രാൻഡിംഗ് ചെയ്യുന്നത് എന്ന് പറയട്ടെ, എന്റെ എഴുത്തുകൾ വഴിയാണ് നിങ്ങൾക്ക് എല്ലാംതന്നെ എന്നേ പരിചയം. ഞാൻ എഴുതുന്നത് എന്റെ സ്വന്തം പേരിൽ ഉള്ള facebook പേജ് വഴിയാണ്, അവിടെ എന്റെ ചിത്രം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.
അതുവഴി എന്നേ തിരിച്ചറിയാൻ നിങ്ങൾക്ക് സാധിക്കുന്നു, ഇതേ പേരും ചിത്രവും തന്നെയാണ് എന്റെ പേർസണൽ വെബ്സൈറ്റ്, WhatsApp Channel, email, Instagram തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഞാൻ ഉപയോഗിക്കുന്നത്.
തീർന്നില്ല, എന്റെ എഴുത്തുകളിൽ എപ്പോഴും ഒരു ക്വാളിറ്റി സൂക്ഷിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്, അതിൽ എനിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം, ഈ രീതിയിൽ കുറെയേറെ വർഷങ്ങൾ കൊണ്ട് നേടിയെടുക്കപ്പെടുന്ന വിശ്വാസമാണ് പേർസണൽ ബ്രാൻഡ്.
എഴുത്തുകൾ മാത്രമല്ല ഇതേ രീതിയിൽ ഞാൻ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ, മറ്റു ആളുകൾ തുടങ്ങി എല്ലാ കാര്യത്തിലും ഈ ക്വാളിറ്റി നിലനിർത്താൻ കഴിയുമ്പോൾ ആണ് ആ പേർസണൽ ബ്രാൻഡിന് നിലനിൽപ് ഉണ്ടാവുന്നത്.
ഇനി എന്താണ് ഇതുകൊണ്ടുള്ള ഉപയോഗം എന്നാൽ, ബിസിനസ് രീതിയിൽ പറയട്ടെ. ചില കമ്പനികളുടെ പിന്നിൽ ആരാണെന്ന് നമ്മൾക്ക് അറിയാം, ഉദാഹരണം ആപ്പിളിന്റെ പിന്നിൽ സ്റ്റീവ് ജോബ്സ് ആയിരുന്നു, ആപ്പിൾ കമ്പനിയെ പോലെ തന്നെ അദ്ദേഹവും പ്രസിദ്ധൻ ആയിരുന്നു.
എന്നാൽ അദ്ദേഹം തുടങ്ങിയ കമ്പനിയിൽ നിന്നും ഒരിക്കൽ അദ്ദേഹത്തെ പുറത്താക്കിയിരുന്നു, പക്ഷേ അദ്ദേഹത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു, അദ്ദേഹം നേരെ പോയി മറ്റൊരു പ്രസ്ഥാനം ആരംഭിച്ചു.
അത് ആപ്പിൾ ചെയ്യുന്ന അതേ ബിസിനസ് ചെയ്യുന്ന പ്രസ്ഥാനം അല്ലായിരുന്നു, മറ്റൊരു മേഖലയിൽ ആയിരുന്നിട്ട് കൂടി അതിനും നല്ല സ്വീകാര്യത ലഭിച്ചു, എന്തുകൊണ്ട് എന്നറിയുമോ?
കാരണം അദ്ദേഹവും ഒരു ബ്രാൻഡ് ആയിരുന്നു. അദ്ദേഹം ചെയ്യുന്ന എല്ലാ കാര്യത്തിലും ഒരു വിശ്വാസം ആളുകൾക്ക് ഉണ്ടായിരുന്നു.
ഇതാണ് പേർസണൽ ബ്രാൻഡ് — നമ്മൾ ചെയ്യുന്ന പ്രവർത്തികൾ വഴി നേടിയെടുക്കുന്ന ഒരു മൂല്യം, അത് നമ്മുടെ മറ്റു ശ്രമങ്ങളിലേക്കും കൈമാറപ്പെടും. അതുകൊണ്ട് personal branding ബിസിനസിനേക്കാൾ വലുതാണ്; അത് നമ്മളെന്ന വ്യക്തിയെക്കുറിച്ചുള്ള വിശ്വാസമാണ്
Comments are closed.