പണ്ട് എനിക്ക് ഒരാളോട് ഭയങ്കര അസൂയ തോന്നിയിട്ടുണ്ട്, ഞാൻ എന്റെ ആദ്യത്തെ സംരംഭം ഒക്കെ എടുത്ത് ചാടി തുടങ്ങിയ സമയം,
എന്തൊക്കെയാണ് ചുറ്റും നടക്കുന്നത് എന്നൊന്നും അറിയാതെ കിളി പോയപോലെ നടക്കുന്ന കാലമാണ്, അന്ന് ഞാനൊരു വാർത്ത കണ്ടു, എന്നേക്കാൾ വളരെ പ്രായം കുറഞ്ഞ ഒരു പെൺകുട്ടി ഒരു IT കമ്പനി നടത്തി വിജയിച്ചു നിൽക്കുന്ന കഥയായിരുന്നു അത്.
എനിക്ക് അവരോട് ഭയങ്കര മതിപ്പ് തോന്നി, കാരണം നമ്മൾ ഇവിടെ ഒന്ന് നേരെ നിൽക്കാൻ കഷ്ടപ്പെടുകയാണ്, അപ്പോൾ അതിൽ വിജയിച്ച ഒരാളോട് തോന്നുന്ന ഒരു കൗതുകം. ഞാൻ ആളെ കണ്ടെത്തി ഫ്രണ്ട് റിക്വസ്റ്റ് ഒക്കെ അയച്ചു ഫ്രണ്ട് ആയി.
പിന്നീട് നാളുകൾക്ക് ശേഷം എന്റെ കമ്പനി പൂട്ടിയ സമയം, പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് സോഷ്യൽ മീഡിയയിൽ കയറിയാൽ ഇതേ വ്യക്തിയുടെ വിജയ കഥകൾ മാത്രം ആയിരുന്നു എന്റെ മുന്നിൽ വന്നിരുന്നത്.
പരാജയം രുചിച്ചു ഇരുന്ന സമയം ആയിരുന്നതിനാൽ എനിക്ക് ഇതേ വ്യക്തിയെ പറ്റി അന്വേഷിക്കണം എന്ന് തോന്നി, പണ്ടേക്ക് പണ്ടേ ഗവേഷണം ഇഷ്ടം ആയിരുന്നതിനാൽ ഒരു ഡിറ്റക്റ്റീവിനെ പോലെ ഞാൻ അന്വേഷണം തുടങ്ങി, എന്നെക്കൊണ്ട് കഴിഞ്ഞില്ല, പിന്നെ ഇവർക്ക് ഈ ചെറിയ പ്രായത്തിൽ ഇതെങ്ങനെ സാധിക്കുന്നു എന്നതായിരുന്നു എന്റെ വിഷയം.
ജസ്റ്റ് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴേ എന്റെ മനസ്സിൽ താരതമ്യം ചെയ്യാൻ തുടങ്ങിയിരുന്നു, അവർ ചെയ്ത പ്രൊജക്റ്റ്, എനിക്കും എന്റെ ടീമിനും ഉള്ള സ്കിൽ ഒക്കെ വച്ചു നോക്കുമ്പോൾ അവരെക്കാൾ ഒരുപാട് മെച്ചം ആയിരുന്നു എന്നൊക്കെ എനിക്ക് തോന്നാൻ തുടങ്ങി.
എന്നിട്ടും എനിക്ക് ഒന്നും കിട്ടാത്ത അവസരങ്ങളും അഭിനന്ദനങ്ങളും അവർക്ക് ലഭിച്ചതിൽ എനിക്ക് ഭയങ്കര അസൂയയും വിഷമവും ഉണ്ടാവാൻ തുടങ്ങി. അവരെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ആരൊക്കയോ അവരെ സഹായിക്കാൻ കൂടെ ഉള്ളതായിട്ട് തോന്നി,
അതോടെ മനസിലെ വിഗ്രഹം പൂർണ്ണമായും വീണുടഞ്ഞു എന്ന സ്ഥിതിയിലായി.

പക്ഷേ നാളുകൾക്ക് ശേഷം ഇതൊക്കെ എന്റെ തെറ്റായ ചിന്തകൾ ആയിരുന്നു എന്നെനിക്ക് എങ്ങനെയോ ബോധ്യപ്പെട്ടു. നമ്മളുടെ കയ്യിൽ അതുണ്ട് ഇതുണ്ട് അല്ലെങ്കിൽ മറ്റുള്ളവരേക്കാൾ നന്നായി ഒരു കാര്യം ചെയ്യാൻ പറ്റും എന്നെല്ലാം മനസ്സിൽ വിചാരിച്ചു ഇരുന്നിട്ടോ,
അല്ലെങ്കിൽ അങ്ങനെ ഉള്ളവരോട് വിദ്വേഷം തോന്നിയിട്ടോ ഒരു കാര്യവുമില്ല. ചിലരെ സഹായിക്കാൻ ആളുകൾ ഉണ്ടായിരിക്കാം, നമ്മളെ സഹായിക്കാൻ ഒരുപക്ഷെ ആരും ഉണ്ടാവില്ല,
എന്നും പറഞ്ഞു മറ്റുള്ളവരെ കുറ്റം പറഞ്ഞു നമ്മൾ വെറുതെ ഇരുന്നാൽ എങ്ങും എത്താൻ പോകുന്നില്ല, ആരും സഹായിക്കാൻ ഇല്ലെങ്കിൽ തന്നെ പൊരുതാൻ ഇറങ്ങണം,
നമ്മുടെ കയ്യിൽ എന്തുണ്ട് എന്നതിലല്ല കാര്യം, ഒന്നുമില്ലെങ്കിൽ കൂടി പൊരുതാൻ ഇറങ്ങാനുള്ള മനസ് ഉണ്ടെങ്കിൽ പതിയെ പതിയെ കാര്യങ്ങൾ നടക്കാൻ തുടങ്ങും.
ഈ ഒരു തിരിച്ചറിവ് എനിക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല, പക്ഷേ എനിക്ക് ഏറ്റവും വിലപ്പെട്ട ഒരു ബോധോദയം ആയിരുന്നു ഇത്.
Comments are closed.