വൈകുന്നേരം ഒരു ഏഴുമണി കഴിഞ്ഞിട്ടുണ്ടാകും.. ചെറുതായി മഴ ചാറുന്നുണ്ട്.. തീർത്തും വിജനമായ വഴിയിൽ കൂടി ഞാൻ ബൈക്കിൽ പോകുകയാണ്..

പെട്ടെന്ന് എന്തോ ഒരു എനക്കേട് തോന്നി.. വണ്ടിയുടെ നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് പോകുന്നത് പോലെ.. ഒരു വിധത്തിൽ ബ്രേക്ക് ചെയ്തു നിർത്തി ഇറങ്ങി നോക്കിയ എനിക്ക് ആകെ ദേഷ്യം വന്നു.. പിറകിലത്തെ ടയർ പഞ്ചർ ആണ്.. കാറ്റ് പകുതിയിൽ കൂടുതൽ പോയിരിക്കുന്നു..

കുറെ പ്രശനങ്ങൾ കാരണം മനസമാധാനം കിട്ടാൻ വേണ്ടി ഒന്ന് പള്ളിയിൽ പോകാൻ ഇറങ്ങിയതാണ്.. അതാണേൽ ഇങ്ങനെയുമായി.. പ്രാർഥിക്കാൻ വന്ന എന്നോട് ഇങ്ങനെ വേണ്ടാരുന്നു കർത്താവെ എന്ന് ചിന്തിച്ചോണ്ട് ഞാൻ ബൈക്കിൽ നോക്കി ഇങ്ങനെ ഇരുന്നു..

വണ്ടി ബുള്ളറ്റ് ആണ്..

പഞ്ചർ ആയാൽ പിന്നെ ആശാൻ ഒരടി പോലും അനങ്ങില്ല.. ഇതിന് മുൻപ് ഉണ്ടാരുന്നത് പൾസർ ആയിരുന്നു.. പഞ്ചർ ആയാലും അത് പതുക്കെ ഓടിച്ചോണ്ട് പോകാൻ പറ്റുമായിരുന്നു.. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു പ്രശ്‌നത്തിൽ ചെന്ന് ചാടുന്നത് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ്.. എന്താണ് ചെയ്യേണ്ടത് എന്നുപോലും ഒരു പിടിയുമില്ല..

വീട് വരെ തള്ളിയാലോ എന്ന് ആദ്യത്തെ കലിപ്പിൽ ചിന്തിച്ചെങ്കിലും അത് ഇന്നലെ കണ്ട മോട്ടിവേഷൻ വിഡിയോയുടെ ഹാങ്ങോവർ ആണെന്ന് കുറച്ചു തള്ളിയപ്പോഴേ മനസിലായി.. ഫോണിൽ പഞ്ചർ ചേട്ടന്മാരുടെ നമ്പർ തിരിഞ്ഞു വെറുതെ വിളിച്ചു നോക്കി.. ഒക്കെ ഒരു ആറേഴു കൊല്ലം മുൻപത്തെയാണ്.. ഒന്നിലും ബെൽ അടിക്കുന്നില്ല..

എന്നെ കുറച്ചുകൂടി വിഷമിപ്പിക്കാൻ മഴയും ശക്തി കൂട്ടി.. വേറെ വഴി ഒന്നും ഇല്ലാഞ്ഞത് കൊണ്ട് മഴയും നനഞ്ഞു ഒള്ള ആരോഗ്യം മുഴുവൻ എടുത്തു ബൈക്ക് തള്ളിക്കൊണ്ട് നടന്നു.. അടുത്ത ജങ്ഷനിൽ ചെന്ന് മഴ കൊള്ളാതെ നിന്ന് എന്തെങ്കിലും ആലോചിക്കാം എന്ന് കരുതി..

അടുത്തുള്ള ജങ്ഷൻ ഒരു ചെറിയ കവലയാണ്.. ബസ് സ്റ്റോപ്പ്‌ ഉണ്ട്.. പിന്നെ റോഡിന്റെ ഇരു വശത്തും രണ്ടുമൂന്നു കടകൾ ഉണ്ട്.. അതിൽ തന്നെ ഒരെണ്ണം മാത്രമേ തുറന്നിട്ടുള്ളു.. അതിന്റെ മുന്നിൽ രണ്ടുമൂന്നു പേര് നിൽക്കുന്നുണ്ട്.. അവർ ആകട്ടെ ഞാൻ ഇങ്ങനെ ബൈക്ക് തള്ളിക്കൊണ്ട് വരുന്നത് തന്നെ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുകയുമാണ്..

എനിക്കാണേൽ ദേഷ്യവും നാണക്കേടും എല്ലാംകൂടി ഇങ്ങനെ പെരുവിരലിൽ നിന്ന് കേറി വരുന്നുണ്ട്.. അവരെ നോക്കാതെ ബൈക്ക് ഒരിടത്ത് വച്ചിട്ട് ഞാൻ കുറച്ചു അപ്പുറത്തു മാറി നിന്നു.. ഫോൺ എടുത്ത് വെള്ളമൊക്കെ തുടച്ചിട്ട് ഇനി ആരെ വിളിക്കും എന്ന് ഓർത്ത് നിൽക്കുമ്പോൾ അപ്പുറത്തു നിന്ന ഒരു ചേട്ടൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു..

എന്നാ പറ്റി.. പഞ്ചർ ആയോ..

ആ പഞ്ചറാ.. ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

ഇവർക്കൊന്നും വേറെ പണിയില്ലേ എന്ന് വിചാരിച്ചു വീണ്ടും ഫോണിലേക്ക് കുമ്പിടാൻ വന്നപ്പോൾ അവർ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു ആ കടയിൽ ചോദിച്ചാൽ ആരുടെയോ നമ്പർ കിട്ടുമെന്ന്.. ആ എന്നാ അതുകൂടി നോക്കിയേക്കാം എന്ന് കരുതി വിളിച്ചെങ്കിലും ആരും എടുക്കുന്നില്ല..

അപ്പോഴാണ് മറ്റേ ചേട്ടന്മാർ പറയുന്നത് ഇന്ന് ശനിയാഴ്ച അല്ലേ.. അങ്ങേരു അടിച്ചു ഓഫായിരിക്കും.. പക്ഷെ അതിനു സമയം ആയിട്ടില്ലല്ലോ.. എന്നും പറഞ്ഞു അതിൽ ഒരാൾ നേരെ പോയി പുള്ളിയുടെ ബൈക്ക് സ്റ്റാർട്ട്‌ ആക്കി എന്നോട് പിറകിൽ കയറാൻ പറഞ്ഞു..

ഇതെന്താണ് ഇങ്ങേരു കാണിക്കുന്നേ എന്നോർത്ത് ഞാൻ പിറകിൽ കയറി.. പുള്ളിക്ക് ഹെൽമെറ്റ് പോലുമില്ല.. മഴ ഒക്കെ നനഞ്ഞു അങ്ങേര് എന്നേം കൊണ്ട് ഒരു വർക്ഷോപ്പിൽ പോയി.. ബുള്ളറ്റ് ആണോ.. രക്ഷയില്ല.. കുറെ സമയം വേണം.. അങ്ങനെ എന്തൊക്കയോ പറഞ്ഞു അവിടെ ഉണ്ടായിരുന്ന ആള് സ്കൂട്ടായി..

എന്നെ കൊണ്ടുവന്ന ചേട്ടൻ വിടുന്നില്ല.. അടുത്ത വർക്ഷോപ്പിന്റെ സ്ഥലം പറഞ്ഞിട്ട് അങ്ങോട്ട് പോകാമെന്നു പറഞ്ഞു.. എനിക്ക് ആകെ അത്ഭുതമായി.. ഇങ്ങനെ ഒക്കെ മനുഷ്യർ സഹായിക്കുമോ..

അവിടെ ചെന്നെങ്കിലും ആള് പോലുമില്ല.. പിന്നെയും കറങ്ങിത്തിരിഞ്ഞ് എന്റെ ബൈക്കിന്റെ അടുത്ത് തന്നെയെത്തി.. അപ്പോൾ ദേ വേറെ ഒരു ചേട്ടൻ.. കാര്യം തിരക്കിയിട്ട് നേരെ ഫോൺ എടുത്ത് ആരെയോ വിളിച്ചു..

നീ ഒന്നും പറയേണ്ട.. ഇങ് വന്നാൽ മതി.. നമ്മുടെ സ്വന്തം പയ്യൻ ആണ്.. അത്യാവശ്യമാണ് എന്നെല്ലാം പുള്ളി പറയുന്നത് എനിക്ക് കേൾക്കാം.. എന്റെ പേര് പോലും അറിയാത്ത ആളാണ് ഞാൻ ഒന്ന് ചോദിക്കുക പോലും ചെയ്യാതെ എന്നെ സഹായിക്കാൻ നോക്കുന്നത്..

പുള്ളിയും കുറെ ശ്രമിച്ചിട്ടും ആളെ കിട്ടിയില്ല.. ഇനിയിപ്പോ ആരെയും കിട്ടില്ല എന്ന് മനസിലായപ്പോൾ അവർ തന്നെ അടുത്ത ഉപായവും പറഞ്ഞു ബൈക്ക് ഇവിടെ ഭദ്രമായി വയ്ക്കാൻ സ്ഥലമുണ്ട്.. എന്നെ എവിടാ കൊണ്ട് വിടേണ്ടത് എന്ന് പറഞ്ഞാൽ അവിടെ കൊണ്ടാകാം എന്നും..

എന്നിട്ട് ആരെയോ വിളിച്ചു അടച്ചിട്ട ഒരു കടയുടെ ഗേറ്റ് തുറപ്പിച്ചു.. അതിന്റെ ഉള്ളിൽ ബൈക്ക് കയറ്റി ഭദ്രമാക്കി വച്ചു.. വേറെ ഒരാൾ എന്നെ വീട്ടിൽ കൊണ്ടാകാം എന്ന് പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ആക്കിയെങ്കിലും ഞാൻ പറഞ്ഞു വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്.. എല്ലാവരും ഇത്രയും എനിക്ക് വേണ്ടി ബുദ്ധിമുട്ടിയതല്ലേ.. ഇനിയും വേണ്ട ഞാൻ പൊയ്ക്കോളാം..

അങ്ങനെ എല്ലാവർക്കും നന്ദി പറഞ്ഞു വീട്ടിലേക്ക് പുറപ്പെടുന്ന വഴിക്ക് പെട്ടെന്ന് ഒരു ബോധോദയം.. ഇത് ഒരു വല്ലാത്ത പ്രശ്നം ആയിരുന്നല്ലോ.. അത് ദാ അവസാനിച്ചു.. എന്നാൽ ഞാൻ എന്തങ്കിലും ചെയ്തോ.. ഇല്ലല്ലോ.. ആകെ എന്നെകൊണ്ട് ആകാവുന്ന പോലെ ഫേസ് ചെയ്യാൻ നോക്കി..

അതും ഒന്നും പ്രതീക്ഷിചിട്ടല്ല.. എനിക്ക് ആകെ പറ്റുന്നത് അവിടെ വരെ തള്ളാൻ മാത്രമായിരുന്നു.. അതിനപ്പുറം എന്ത്‌ എന്ന്‌ അറിയാതെ നിന്ന എന്നെ സഹായിക്കാൻ വന്നത് ഒരു പരിചയവും ഇല്ലാത്ത കുറെ ആളുകൾ..

പ്രശ്നങ്ങൾ എങ്ങനെ തീരും എന്ന് അറിയാത്തത് കൊണ്ട് അതിൽ നിന്ന് ഒളിച്ചോടാൻ ആയിരുന്നു അതുവരെ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്.. അതുകൊണ്ട് തന്നെ അവയൊന്നും എന്നെ വിട്ട് പോകുന്നും ഉണ്ടായിരുന്നില്ല.. പ്രശ്നങ്ങൾ തീരുമോ ഇല്ലയോ എന്നൊന്നും നോക്കണ്ട.. നമ്മളെ കൊണ്ട് ആകാവുന്നത് പോലെ ഫേസ് ചെയ്യാൻ ശ്രമിക്കുക.. ബാക്കി ഉള്ളതൊക്കെ ചെയ്തു തരാൻ ദൈവം ഓരോരുത്തരെ റെഡി ആക്കി നിർത്തിയിട്ടുണ്ട്..

എല്ലാം അതിന്റെ വഴിക്ക് നടന്നോളുമെന്നേ.. ♥️♥️
Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.