ഞാൻ സോഷ്യൽ മീഡിയയിൽ സജീവം ആകാൻ തുടങ്ങിയിട്ട് 7 വർഷം ആകാൻ പോകുന്നു. എന്റെ തുടക്ക കാലത്തെ പല പ്രവർത്തനങ്ങളും കണ്ടിട്ട് അന്ന് എന്നോട് ഒരുപാട് പേര് പറഞ്ഞ ഒരു ഉപദേശമുണ്ട്.
ഫ്രീ ആയിട്ട് ഒന്നും ചെയ്യാൻ ശ്രമിക്കരുത് അത് അധികകാലം നീണ്ടു നിൽക്കില്ല, എന്ത് കാര്യം ചെയ്യുമ്പോഴും അതിന് ഒരു വാല്യൂ ഉണ്ടാക്കണം.
അന്ന് ഈ കാര്യം ഞാൻ അത്ര കാര്യമായി എടുത്തില്ല എന്ന് മാത്രമല്ല എന്റെ ഈഗോ ചെറുതായി പ്രവർത്തിക്കാനും തുടങ്ങി. അതുകൊണ്ട് തന്നെ ഇതൊന്നും ഇങ്ങനെയല്ല എന്ന് എന്റെ പ്രവർത്തികൾ കൊണ്ട് തന്നെ തെളിയിക്കണം എന്നൊരു വാശി കൂടി ഉണ്ടായി.
കാരണം ഞാൻ ഈ രംഗത്തേക്ക് വന്നത് ബിസിനസ്സ് ചെയ്ത് പണം ഉണ്ടാക്കാൻ വേണ്ടിയല്ല, എനിക്ക് ഒരുപാട് ആശയങ്ങൾ വരുമായിരുന്നു, അതൊക്കെ നടപ്പാക്കുക എന്നൊരു ലക്ഷ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു.
അങ്ങനെ വാശിയുടെ പുറത്തും പാഷൻ ഉള്ള കാര്യങ്ങൾ എപ്പോഴും ചെയ്യാൻ നമ്മൾക്ക് ഒരു പ്രിത്യേക ഇഷ്ടം ഉണ്ടായിരിക്കുമല്ലോ, അതും എല്ലാം വച്ചു കഴിയുന്നത്ര കാര്യങ്ങൾ ചെയ്ത് ഞാൻ മുന്നോട്ടു പോയി.
പക്ഷേ ഞാൻ ആദ്യം നേരിട്ട ഒരു പ്രശ്നം ഒരു പരിധിക്ക് അപ്പുറത്തേക്ക് ഒരു കാര്യവും ചെയ്യാൻ പറ്റുന്നില്ല എന്നുള്ളതായിരുന്നു.
രണ്ടാമത്തെ പ്രശ്നം ഞാൻ ചെയ്യുന്ന കാര്യങ്ങൾ മറ്റൊരാളെ ഏൽപ്പിക്കാനും പറ്റുന്നില്ല.
എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, നാട്ടിലെ ഏതെങ്കിലും ഒരു പ്രദേശം ആളുകൾ ചേർന്ന് വൃത്തിയാക്കി എന്ന് വിചാരിക്കുക, ഉദാഹരണം ഒരു കുളം.
ഒരു തവണ എല്ലാവരും കൂടെ ഒരുമിച്ചു ഉത്സാഹിച്ചു പണിയെടുത്തപ്പോൾ സംഭവം വൃത്തിയായി, നാട്ടിൽ ഉള്ളവർ എല്ലാം വന്ന് അതിൽ നീന്താനും എല്ലാം ആരംഭിച്ചു.
എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞു അത് വീണ്ടും അഴുക്കായി, വീണ്ടും ആളുകൾ ഒരുമിച്ചു കൂടി എന്നാൽ ആദ്യത്തെതിന്റെ പകുതി ആളുകൾ മാത്രമേ ഇത്തവണ ഉണ്ടായിരുന്നുള്ളു. ആ വർഷം കൂടി അങ്ങനെ കടന്നുപോയി, എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ആരും അവിടേക്ക് തിരിഞ്ഞു നോക്കാതെയായി.
ഇത്തരത്തിൽ തുടങ്ങി മുടങ്ങിപ്പോയ അനേകം പദ്ധതികൾ നമ്മൾക്ക് കാണാൻ കഴിയും, എന്തുകൊണ്ടാണ് അതൊക്കെ അങ്ങനെ ആയിപ്പോകുന്നത്.
ഇനി ഇതേ കാര്യം തന്നെ ഞാൻ മറ്റൊരു രീതിയിൽ പറയാം.
കുളം നാട്ടുകാർ തന്നെ വൃത്തിയാക്കി, എന്നിട്ട് അതിന്റെ മേൽനോട്ടത്തിന് ഒരു കമ്മിറ്റി ഉണ്ടാക്കി അവർക്ക് ഇത്ര വർഷത്തേക്ക് അതിന്റെ പരിപാലനത്തിന്റെ ചുമതല നൽകി.
എന്നിട്ട് ആ കുളത്തിൽ ഇറങ്ങി കുളിക്കാൻ ഒരു നിശ്ചിത ഫീസ് വച്ചു, അത് കൂടാതെ അവിടെ നീന്തൽ പരിശീലനം നൽകാനും ആളുകളെ ഏർപ്പാടാക്കി. കുളത്തിന്റെ ചുറ്റും കുറച്ചു ഹോർഡിങ്‌സ് വച്ചു,
എന്നിട്ട് അതിലേക്ക് പരസ്യത്തിനായി സ്ഥാപനങ്ങളെ സമീപിച്ചു. ഓരോ മാസവും വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു, അതിനും രെജിസ്ട്രേഷൻ ഫീസ്, സമ്മാനം ഉൾപ്പെടെയുള്ള കാര്യങ്ങളും ഏർപ്പാടാക്കി.
കൂടാതെ ഇങ്ങനെ ഒരു കുളം ഉണ്ടെന്നും അവിടെ ഇത്തരത്തിൽ ഉള്ള പരിപാടികൾ നടക്കുന്നുണ്ടെന്നും പരസ്യവും ചെയ്യിച്ചു. കുളത്തിന്റെ അടുത്ത് തന്നെ ഏതാനും ആളുകൾ ചെറിയ കടകൾ തുറന്നു, അവിടെ ചായ കുടിക്കാനും കളികൾ കാണാനും മാത്രമായി വരെ ആളുകൾ വരാൻ തുടങ്ങി.
ഫലത്തിൽ എന്തുണ്ടായി, ഈ ഒരു കമ്മിറ്റിയുടെ കൈവശം നല്ലൊരു തുക ലഭിച്ചു. അതിൽ നിന്ന് ഒരു ബഡ്ജറ്റ് ഉണ്ടാക്കി അവർ പരസ്യത്തിന് വേണ്ടിയും മാറ്റി വച്ചു, അതുപോലെ തന്നെ കുളം ശുചിയായി സൂക്ഷിക്കാൻ വേണ്ട ആളുകളെയും സംവിധാനങ്ങളെയും ഏർപ്പാടാക്കി.
ഇതിനെയാണ് ഒരു സിസ്റ്റം എന്ന് പറയുന്നത്, കുളം വൃത്തിയാക്കുക എന്നത് ഒരു ആശയമായിരുന്നു, ഒരുപാട് ആളുകൾക്ക് ഗുണം ഉണ്ടാവുന്ന ഒന്ന്,
എന്നാൽ അതിലേക്ക് ചെറിയ രീതിയിൽ കുറച്ചു ഇൻകം മോഡൽ കൂടി കൊണ്ടുവന്നപ്പോൾ, ഓരോ കാര്യങ്ങൾക്കും ചുമതല ഏൽക്കാൻ ആളുകൾ ഉണ്ടായി.
നീന്തൽ പഠിപ്പിക്കുന്ന ആളുകൾക്കും, മത്സരങ്ങൾ സംഘടിപ്പിക്കുന്നവർക്കും, കട തുറന്നവർക്കും എല്ലാം അവിടെ ഒരു വരുമാന മാർഗ്ഗം തുറന്നു. മാത്രമല്ല ഒരാളും അവിടെ സ്ഥിരമായി ജീവിതകാലം മുഴുവൻ ഒരു ജോലി ചെയ്യേണ്ട. ഒരാൾ ഒഴിവായാൽ ആ സ്ഥാനത്തേക്ക് മറ്റൊരാൾ വരും, അതിനുള്ള സംവിധാനവും അവിടെയുണ്ട്.
ഇത് പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്, എന്തെന്നാൽ ബിസിനസ്സില്ലേക്ക് വരുമ്പോഴും ഇങ്ങനെ തന്നെയാണ്.
ഇപ്പോൾ നിങ്ങൾ ഒരു സ്ഥാപനം നടത്തുന്നു എന്ന് കരുതുക, നിങ്ങൾ ഇല്ലാതെ അവിടെ ഒരു കാര്യവും നടക്കുകയില്ലെങ്കിൽ, എത്ര പണം ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞാലും എന്താണ് പ്രയോജനം.
ആ പണം ഉപയോഗിച്ച് ജീവിക്കാനും സമയം ഉണ്ടാവണ്ടേ, ഇടക്ക് വെറുതെ ഇരിക്കാനും കുറച്ചു സമയം വേണ്ടേ.
മുകളിൽ പറഞ്ഞ രീതിയിൽ ബിസിനസ്സിനെ ഒരു സിസ്റ്റം ആയിട്ട് രൂപകല്പന ചെയ്താൽ, നിങ്ങൾ ഇല്ലെങ്കിൽ പോലും ആ ബിസിനസ്സ് അവിടെ നല്ല രീതിയിൽ പ്രവർത്തിക്കും.
നമ്മുടെ വിഷയം ബിസിനസ്സ് അല്ലല്ലോ, അതിലേക്ക് തിരിച്ചു വരട്ടെ.
അപ്പോൾ നമ്മൾ ഏതൊരു കാര്യം ചെയ്യുമ്പോഴും അതിൽ നിന്ന് ഒരു വരുമാനം വരുന്ന രീതിയിൽ വേണം അതിനെ രൂപകല്പന ചെയ്യാൻ. എന്നോട് അവർ അന്ന് പറഞ്ഞത് തന്നെയായിരുന്നു ശരി എന്നുള്ളത് കുറച്ചു വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്.
ഇത്തരത്തിൽ വരുമാനം വരുന്ന രീതിയിൽ നമ്മൾ ഏതൊരു ആശയത്തെ നടപ്പാക്കിയാലും അതിനെ കുറേക്കൂടി മെച്ചപ്പെട്ട അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കാൻ പറ്റും, അത് കൂടാതെ ആ സംവിധാനം എന്നെന്നും നിലനിൽക്കാനും ഇത് തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം.
മുകളിലെ കുളം എന്നത് ഒരു ഉദാഹരണമായി പറഞ്ഞ ആശയമാണ്. ഇത്തരത്തിൽ ഏതൊരു ആശയം എടുത്താലും നമ്മൾക്ക് അതിലേക്ക് income models കൊണ്ടുവരാൻ സാധിക്കും.
അല്ലെങ്കിൽ ഏതൊരു ആശയം നടപ്പാക്കാൻ ഇറങ്ങുന്നതിനു മുന്നേ തന്നെ അതിൽ എവിടെ നിന്ന് എങ്ങനെയാണ് ഇൻകം വരുന്നത് എന്നതിനെ പറ്റി ഒരു ധാരണ ഉണ്ടാവണം. നിങ്ങൾ ചിലപ്പോൾ ചൊവ്വയിലേക്ക് സ്പേസ്ഷിപ്പിൽ പോകുന്നത് പോലെയുള്ള വലിയ ആശയങ്ങൾ ആയിരിക്കും മനസ്സിൽ കൊണ്ടുനടക്കുന്നത്.
അതിനെ നേരെ ഇൻകം മോഡൽ ആക്കാൻ സാധിക്കില്ലല്ലോ, പക്ഷേ അതിനെ വളരെ ചെറുതാക്കി മറ്റൊരു രൂപത്തിൽ നാളെ തന്നെ ആരംഭിക്കാൻ കഴിയുന്ന രൂപത്തിൽ ആക്കാൻ പറ്റും.
ഒരു ഉദാഹരണം പറഞ്ഞാൽ, കൊച്ചിയിൽ റോഡ് സൈഡിൽ മേശ ഇട്ട് ബൺ മസ്‌കയും ഇറാനി ചായയും ഹിറ്റ് ആക്കിയ ദമ്പതിമാരെ കണ്ടിട്ടുണ്ടോ.
അവർ ഒരു കഫെ അല്ലെങ്കിൽ റെസ്റ്റോറന്റ് അതുമല്ലെങ്കിൽ വലിയ ഒരു റെസ്റ്റോറന്റ് ചെയിൻ തുടങ്ങാനുള്ള ആശയത്തെ ചെറുതാക്കി ചെറുതാക്കി ഇന്ന് തോന്നിയ ആശയം നാളെ തന്നെ മാർക്കറ്റിൽ ടെസ്റ്റ് ചെയ്യാൻ പാകത്തിനുള്ള രൂപത്തിലാക്കി.
അത് മാത്രമല്ല വ്യത്യസ്തമായ ആ മാർക്കറ്റിംഗ് ടെസ്റ്റ് അവർ കോൺടെന്റ് ആക്കി സോഷ്യൽ മീഡിയയിലും ഉപയോഗിച്ചു.
ഒരു വെടിക്ക് മൂന്ന് പക്ഷി, market validation, marketing and brand building, പിന്നെ സർവോപരി പിറ്റേന്ന് തന്നെ വരുമാനം വന്നു തുടങ്ങി. അത് ചെറുതാണെങ്കിൽ കൂടി നമ്മൾക്ക് നൽകുന്ന ഒരു ആത്മവിശ്വാസം വളരെ വലുതാണ്.
ഈ വിഷയത്തിൽ ഇനിയും കൂടുതൽ എഴുതാൻ ശ്രമിക്കാം. ഇനി മറ്റൊരു കാര്യം പറയട്ടെ, നിങ്ങളുടെ ഉള്ളിൽ ഇതുപോലെ എന്തെങ്കിലും ആശയം ഉണ്ടെങ്കിൽ, അതിനെ എങ്ങനെ പ്രാവർത്തികമാക്കാം, എങ്ങനെ income models കണ്ടെത്താം, മാർക്കറ്റിംഗ് എങ്ങനെ ചെയ്യാം, സിസ്റ്റം ബിൽഡ് ചെയ്യാം എന്നുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കണം എന്നുണ്ടെങ്കിൽ അതിനായി എന്റെ ഒരു പ്രീമിയം ബിസിനസ്സ് കമ്മ്യൂണിറ്റി ഉണ്ട്.
Link to join : https://forms.gle/eL2k8e9msyruEQYz7
താല്പര്യം ഉള്ളവർക്ക് അതിൽ ചേരാവുന്നതാണ്. എന്തുകൊണ്ട് പ്രീമിയം എന്ന് ചോദിച്ചാൽ മുകളിൽ പറഞ്ഞ കാരണങ്ങൾ തന്നെയാണ് അതിനുള്ള ഏറ്റവും നല്ല ഉത്തരം എന്ന് വിശ്വസിക്കുന്നു.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

